Friday, April 27, 2007

ദോശയും തേങ്ങാചമ്മന്തിയും

വേഗമൊരു പ്രാതല്‍....(ഇന്നലെ വൈകിട്ടത്തെ ഇഡലിമാവ്‌ ബാക്കിയിരുപ്പുണ്ടേ...)

ആവശ്യമുള്ള സാധനങ്ങള്‍
=================













1. ദോശമാവ്‌ - ആവശ്യത്തിനു
2. ചിരകിയ തേങ്ങാ - 1/4 തേങ്ങയുടെ
3. കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
4. ഉപ്പ്‌ - പാകത്തിനു
5. കടുക്‌ - 1/2
6. എണ്ണ - 1/2 ടേബിള്‍ സ്പൂണ്‍
7. കറിവേപ്പില - 1 അല്ലി (ഉണ്ടെങ്കില്‍)

പാകം ചെയ്യുന്ന വിധം
==============
ദോശമാവ്‌ തവയില്‍ കോരിയൊഴിച്ച്‌( ശീീ... എന്ന ശബ്ദം കേള്‍ക്കണം) വേഗത്തില്‍ ചുട്ടെടുക്കുക. നല്ലവണ്ണം മൊരിഞ്ഞോട്ടെ..(ആകൃതി, കനം എല്ലാം അവനവന്റെ ഇഷ്ടത്തിനു).

ചിരകി വച്ചിരിക്കുന്ന തേങ്ങാ, 1/2 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ 1/2 ടേബിള്‍ സ്പൂണ്‍ (ഇത്തിരി വേണേല്‍ കുറച്ചോളൂ) എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിക്കുക.ഉണ്ടെങ്കില്‍ ഇത്തിരി കറിവേപ്പില കൂടി ചേര്‍ത്തോളൂ.

തീ കുറച്ചിട്ട്‌ അരച്ചു വച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക്‌ ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക.( ഇത്തിരി കുറുകി ഇരിക്കുന്നതാണു നല്ലത്‌). കുറഞ്ഞ തീയില്‍ ഇളക്കി, അല്‍പം തിള വരുമ്പോഴേക്കും വാങ്ങി ഉപയോഗിക്കുക.

പാചകത്തിനെടുത്ത സമയം - എല്ലാം കൂടെ വെറും 10 മിനുട്ട്‌.

Thursday, April 26, 2007

ഇഡലിയും ഞൊടുക്കുകറികളും

നാളെ വൈകിട്ട്‌ നാട്ടില്‍ പോണം. വേഗന്നുണ്ടാക്കാവുന്ന എന്തെങ്കിലും ഉണ്ടാക്കിക്കഴിച്ചിട്ട്‌ നേരത്തേ കിടന്നുറങ്ങാം....

ആവശ്യമായ സാധനങ്ങള്‍
====================








കടയില്‍ നിന്നും വാങ്ങിയ ഇഡലിമാവ്‌ - 1 പാക്കറ്റ്‌
(അരിയും ഉഴുന്നും അരച്ച്‌ മെനക്കെട്ടുണ്ടാക്കിയാല്‍ കൂടുതല്‍ നല്ലത്‌.)
തേങ്ങാ ചിരകിയത്‌ - 1/4 തേങ്ങയുടെ
തക്കാളി - ഇടത്തരം - 1 എണ്ണം
പച്ചമുളക്‌ - 2 എണ്ണം( എരിവുള്ളതാണേല്‍ ഒന്നു മതി)
മുളകുപൊടി - ആവശ്യമില്ല. വെറുതേ എടുത്തുവച്ചതാ..
കടുക്‌- 1/2 ടീസ്പൂണ്
‍സാമ്പാര്‍ പൗഡര്‍ - 1/2 ടീസ്പൂണ്
‍കായം - പൊടിച്ചത്‌ - ഒരു നുള്ള്‌
ഉപ്പ്‌ - ആവശ്യത്തിനു
കറിവേപ്പില - 2 അല്ലി(ഉണ്ടെങ്കില്‍)
എണ്ണ - 1 ടേബിള്‍ സ്പൂണ്‍


ഉണ്ടാക്കുന്ന വിധം
=============
അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി 1/4 കപ്പ്‌ വെള്ളവുമൊഴിച്ച്‌ വേവിക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ തീ കുറച്ചിടണം. അതവിടെ ഇരുന്നു വേവട്ടെ..


ഇഡലിമാവ്‌ ഒരു ചരുവത്തിലൊഴിച്ച്‌ 1/2 ടീസ്പൂണ്‍ ഉപ്പിട്ട്‌ നന്നായി ഇളക്കുക. ഇഡലി തട്ടുകളില്‍ അല്‍പം എണ്ണ പുരട്ടി മാവ്‌ കോരി ഒഴിക്കുക. ഇഡലി തട്ട്‌ പ്രഷര്‍ കുക്കറില്‍ (ഇഡലിച്ചെരുവം ഉണ്ടെങ്കില്‍ അതില്‍...നിങ്ങളുടെ ഇഷ്ടം.) ഇറക്കി വച്ച്‌ വേവാന്‍ വക്കുക.(വെയിറ്റ്‌ ഇടണ്ട..).

അടുത്ത അടുപ്പില്‍ ഇരിക്കുന്ന തക്കാളി ചെറുതായി ഒന്ന് ഇളക്കിക്കൊടുക്കുക.ചിരകിവച്ചിരിക്കുന്ന തേങ്ങാ പച്ചമുളകും, ഒരു നുള്ള്‌ ഉപ്പും ചേര്‍ത്ത്‌ മിക്സിയില്‍ നന്നായി അരച്ചെടുക്കുക.


അടുപ്പില്‍ ഇരിക്കുന്ന തക്കാളി വെന്തു കാണണം( 10 മിനിറ്റായില്ല്ലേ ചേട്ടാ..). അത്‌ വാങ്ങി വച്ചിട്ട്‌ ഒരു ചീനിച്ചട്ടി(ഫ്രൈയിംഗ്‌ പാന്‍) എടുത്ത്‌ വച്ച്‌ അല്‍പം എണ്ണ ഒഴിച്ച്‌ കടുകു പൊട്ടിക്കുക. ഉണ്ടേല്‍ കുറച്ച്‌ കറിവേപ്പില കൂടി ഇട്ടേക്ക്‌. ഇതിലേക്ക്‌ ഒരു നുള്ള്‌ കായപ്പൊടി ഇടുക. എന്നിട്ട്‌ വെന്തിരിക്കുന്ന തക്കാളി (വെള്ളത്തോടെ ) ഇതിലേക്കൊഴിക്കുക. 1/2 ടീസ്പൂണ്‍ ഉപ്പും, 1/2 ടീസ്പൂണ്‍ സാമ്പാര്‍ പൊടിയും ചേര്‍ത്ത്‌ നന്നയി ഇളക്കുക. തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കുക.


ഇനി അടുത്ത ചീനിച്ചട്ടീ അടുപ്പില്‍ വച്ച്‌ അല്‍പം എണ്ണ ഒഴിച്ച്‌ കടുകു പൊട്ടിക്കുക. കറിവേപ്പില കൂടി ഇട്ട്‌ വേണേല്‍ ആഡംബരമാക്കാം(ഉള്ളി തുടങ്ങിയ സവര്‍ണ്ണരെ ബഹിഷ്കരിച്ചിരിക്കുന്നു.)ഇതിലേക്ക്‌ അരച്ചു വച്ചിരിക്കുന്ന തേങ്ങായിട്ട്‌ ചെറിയ തിള വരുമ്പോഴേക്കും വാങ്ങുക...


ഇഡലി ഇപ്പോഴേക്കും വെന്തു കാണണം.( അതേ ചേട്ടാ...മൊത്തം 20 മിനുറ്റായിക്കഴിഞ്ഞു..). ഇഡലി തട്ട്‌ 5 മിനുറ്റ്‌ നിരത്തി വച്ച്‌ തണുപ്പിക്കുക. അങ്ങനെ മൊത്തം 25 മിനുറ്റില്‍ ഇന്നത്തെ ഡിന്നര്‍ തയ്യാര്‍(പാത്രം കഴുകാന്‍ രാവിലെ അക്ക വരും.....ദൈവത്തിനു സ്തുതി..!!)

ചപ്പാത്തിയും,കത്തിരിക്കാ വിന്താലുവും

ഓഫീസില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ സമയം 8.30. ഇത്തിരി നേരം ക്രിക്കറ്റ്‌ കാണാമെന്ന് വച്ച്‌ ടി.വി വച്ചു. "പണ്ടാരം...യെവന്മാര്‍ ഇന്‍ഡ്യക്കാരെക്കാള്‍ കഷ്ടം. നം.2 ടീം..ഫൂ..". പരശുരാമന്‍ കര്‍ണ്ണനെ ശപിച്ച പോലെയാണു ഇന്ത്യന്‍ ടീമിന്റെ കാര്യം. "ആവശ്യനേരത്ത്‌ പഠിച്ച വിദ്യ മറന്നു പോകും..".ദക്ഷിണാഫ്രിക്കയും ആ വഴിക്കു തന്നെ.

അതു പോകട്ടെ..തിന്നാന്‍ വല്ലതും ഉണ്ടാക്കാം..ഏതായാലും ബ്ലോഗില്‍ ഇടാന്‍ തീരുമാനിച്ചു കഴിഞ്ഞു. തുടക്കം മോശമാക്കേണ്ട..

"ഹരിശ്രീ ഗണപതയേ നമ:"


ആവശ്യമുള്ള സാധനങ്ങള്‍
==================








1.
ഇടത്തരം കത്തിരിക്കാ - 4 എണ്ണം - ഞെടിപ്പു കളയാതെ 4 ആയി കീറിയത്‌.
(രണ്ടാഴ്ചയായി ഫ്രിഡ്ജില്‍ ഇരുന്ന കത്തിരിക്കാ ആയതു കാരണം ഞെടിപ്പ്‌ ഉണങ്ങിപ്പോയി.)
സവാള - ഇടത്തരം - 1 എണ്ണം
തക്കാളി - ഇടത്തരം - 1 എണ്ണം

2.
വെളുത്തുള്ളീ- വലിയ അല്ലി - 3 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം(സോറി..എന്റെ കൈയ്യില്‍ സ്റ്റോക്കില്ല)
പിരിയന്‍(കാശ്മീരി) മുളകുപൊടി - 1 ടീസ്പൂണ്‍(സാധാരണ മുളകുപൊടിയാണേല്‍ 1/2 ടീസ്പൂണ്‍ മതി)
കടുക്‌ - 1/2 ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍

3.
മഞ്ഞള്‍പൊടി - ഒരു നുള്ള്‌ (അടുത്തു നില്‍ക്കുന്ന ആളിനിട്ടല്ല. )
വെളുത്തുള്ളി - 2 അല്ലി- ചെറുതായി അരിഞ്ഞത്‌
വിനാഗിരി - 3 ടീസ്പൂണ്‍ (കഴിയുന്നതും അളവു കുറയ്കുന്നതാണു ആരോഗ്യത്തിനു നല്ലത്‌)
ഉപ്പ്‌ - ആവശ്യത്തിനു
പഞ്ചസാര - ഒരു നുള്ള്‌ (കൂടി)
എണ്ണ(നല്ലെണ്ണ ഉണ്ടേല്‍ നല്ലത്‌) - ഒരു ടേബിള്‍ സ്പൂണ്‍ (എണ്ണ കഴിയുന്നതു കുറച്ചുപയോഗിക്കുന്നത്‌ ആരോഗ്യത്തിനു നല്ലത്‌..കുറയും തോറും കറിയുടെ ടേസ്റ്റ്‌ കുറയും)

4. ചപ്പാത്തിക്ക്‌
ഗോതമ്പുപൊടി - 1/2 കപ്പ്‌
ഉപ്പ്‌ - 1/2 ടീസ്പൂണ്
‍വെള്ളം - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
==============
തക്കാളി, സവാള എന്നിവ ചെറുതായി(കശകശാന്ന്..) അരിഞ്ഞു വക്കുക. ചപ്പാത്തിക്കുള്ള ഗോതമ്പ്‌ പൊടി ഒരു പാത്രത്തില്‍ എടുത്തു വക്കുക. എന്തെന്നാല്‍ ഒരേ സമയം നമ്മള്‍ കറിയും ചപ്പത്തിയും ഉണ്ടാക്കാന്‍ പോകുന്നു.ചേരുവ 2-ല്‍ പറഞ്ഞിരിക്കുന്നയെല്ലാം ഒരു മിക്സിയില്‍ ഇട്ട്‌ നന്നായി അരച്ചെടുക്കുക.കഴിയുന്നതും വെള്ളം കുറച്ചു വേണം അരക്കാന്‍.(അത്ര ഈസിയല്ല. അളവു കുറവായതു കൊണ്ട്‌ അരക്കാന്‍ പ്രയാസമായിരിക്കും..എല്ലാം നിങ്ങളുടെ യോഗം പോലെ.).

ചുവട്‌ കട്ടിയുള്ള ഒരു പാത്രത്തില്‍ അല്‍പം എണ്ണ ഒഴിച്ച്‌ സവാള ഇട്ട്‌ വഴറ്റുക. സ്റ്റൗ സിമ്മില്‍ ഇട്ട്‌ കുറഞ്ഞ തീയില്‍ വഴറ്റുക. ഇടക്കു ഒന്നു ഇളക്കിയാല്‍ മതി.കാരണം നമുക്ക്‌ വേറെ പണിയുണ്ട്‌. പാത്രത്തില്‍ വച്ചിരിക്കുന്ന ഗോതമ്പ്‌ പൊടിയില്‍ കഴിയുന്നതും കുറച്ച്‌ (1/4 അളവ്‌) വെള്ളം ഒഴിച്ചു നന്നായി കുഴക്കുക. ചെറിയ നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി വക്കുക.

സവാളയുടെ നിറം ഇളം ബ്രൗണ്‍ ആകുമ്പോള്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. എന്നിട്ട്‌ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത്‌ വഴറ്റുക. (ഈ സമയം ചപ്പാത്തി പരത്തിത്തുടങ്ങാം..). തക്കാളി നന്നായി വഴറ്റിയ ശേഷം അരച്ച്‌ വച്ചിരിക്കുന്ന കൂട്ട്‌ ചേര്‍ത്ത്‌ ഇളക്കുക. എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന് കത്തിരിക്കാ കൂടി ഇട്ട്‌ നന്നായി വഴറ്റുക.അതിനു ശേഷം ഒരു ടീസ്പൂണ്‍ വിനാഗിരിയും, ആവശ്യത്തിനും ഉപ്പും വെള്ളവും ഒഴിച്ച്‌ കുറഞ്ഞ തീയില്‍ അടച്ചു വച്ച്‌ വേവിക്കുക.

കത്തിരിക്കാ വേവുന്ന സമയം കൊണ്ട്‌ പരത്തി വച്ചിരിക്കുന്ന ചപ്പാത്തി ചുട്ടെടുക്കാം. ഒരു പരന്ന തവയില്‍ ചപ്പാത്തിയിട്ട്‌ കൂടിയ തീയില്‍ വേഗം ഇരുവശവും ചെറുതായി ഒന്നു ചൂടാക്കിയശേഷം, ഒരു ചട്ടുകത്തിന്റെയും,തവയുടെയും സഹായത്താല്‍ നേരേ തീയില്‍ വച്ച്‌ ചുട്ടെടുക്കുക.(ഒരു നിര്‍ബന്ധവുമില്ല..ഇങ്ങനെ ഉണ്ടാക്കിയാല്‍ പൂരി പോലെ പൊങ്ങി വരും..നല്ല മയവും ഉണ്ടായിരിക്കും..പക്ഷേ തീയുമായുള്ള അകലം കണ്ട്രോള്‍ ചെയ്ത്‌ കരിയാതെ നോക്കണം. ബുദ്ധിമുട്ടാണേല്‍ ചുമ്മാ തവയില്‍ വച്ച്‌ ചുട്ടെടുത്തോളൂ..)


കത്തിരിക്കാ നന്നായി വെന്തു കാണണം.അതിലേക്ക്‌ അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും, ഒരു നുള്ള്‌ പഞ്ചസാരയും ചേര്‍ത്ത്‌ വാങ്ങുക. വേണമെങ്കില്‍(ആര്‍ക്ക്‌?) ഒരു ടീസ്പൂണ്‍ വിന്നാഗിരിയും ചേര്‍ക്കാം.





കറി വിളമ്പാനുള്ള പാത്രത്തിലേക്ക്‌ മാറ്റുക

. സോറി.. അലങ്കരിക്കാനൊന്നും സമയമില്ല. തവയും, കറിപ്പാത്രവും കഴുകാനിടുക(പാത്രം കഴുക്കാണു ഏറ്റവും വിഷമമുള്ള പണി).കൃത്യം 1 മണിക്കൂറിനുള്ളില്‍ ചപ്പാത്തിയും,കറിയും തയ്യാര്‍.





പ്രത്യേക ശ്രദ്ധയ്ക്ക്‌: പ്രത്യേകിച്ച്‌ ഒരു യോഗ്യതയും ഇല്ലാത്തവര്‍ക്കും പരീക്ഷിക്കാന്‍ പറ്റിയ ഒരു പാചകവിധിയാണിത്‌. എങ്കിലും ഇതു മൂലം ഏതെങ്കിലും തരത്തില്‍ പരീക്ഷകനു ഉണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക്‌ ഞാന്‍ ഉത്തരവാദിയല്ല!!

Wednesday, April 25, 2007

ആമുഖം

എന്റെ പാചകപരീക്ഷണങ്ങള്‍ എന്നാണു ആരംഭിച്ചത്‌?
ഓര്‍മ്മയില്ല...
ഞാനും കുഞ്ഞനുജത്തിയും കഞ്ഞീം,കറിയും വച്ച്‌ കളിച്ചിരുന്ന ആ ബാല്യകാലത്തില്‍ നിന്നും വളരെ അകലെയാവാന്‍ വഴിയില്ല. സ്ക്കൂള്‍ വിട്ടു വീട്ടില്‍ വന്നതിനു ശേഷം, അമ്മ ഓഫീസില്‍ നിന്നും വരുന്നതിനു മുന്‍പുള്ള ഇടവേളകളില്‍ എപ്പോഴോ ഒരു രസത്തിനായി തുടങ്ങിയതായിരിക്കണം.

എന്താണേലും ആ പരീക്ഷണ,നിരീക്ഷണ അനുഭവങ്ങള്‍ എന്നെ വളരെയേരെ സഹായിച്ചത്‌, ഞാന്‍ ബാഗ്ലൂരില്‍ നിന്നും പോരുന്നതിനു മുമ്പത്തെ 3 മാസവും, പിന്നെ ഞാന്‍ ചെന്നൈയില്‍ "ഒറ്റപ്പാക്കാനായി" ജീവിച്ച 2 വര്‍ഷക്കാലവും ആണു. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിലുപരി, ചെന്നൈ നഗരത്തില്‍ ഒറ്റക്ക്‌ ജീവിക്കുന്നതിന്റെ വിരസത അകറ്റാനും സ്വയം പാചകം വളരെയേറെ സഹായിച്ചു.

അത്യാവശ്യമായി വാമഭാഗത്തെ നാട്ടില്‍ കൊണ്ടുപോയി ആക്കിയിരിക്കുന്നതിനാല്‍, എന്റെ പാചകപരീക്ഷണങ്ങള്‍ വീണ്ടും ആരംഭിക്കേണ്ടിയിരിക്കുന്നു.

കൊടികെട്ടിയ പാചകനിപുണന്മാരുടെ(നിപുണകളുടെയും) നിരവധി രസികന്‍ പാചകക്കുറിപ്പുകള്‍ ബൂലോഗത്തില്‍ നിറയെ ഉണ്ടെങ്കിലും, വെറുമൊരു നേരമ്പോക്കിനും, എന്റെ ഒരു മനസമാധാനത്തിനായും ഞാനും ചിലതെല്ലാം കുറിച്ചു നോക്കാം. കുറഞ്ഞപക്ഷം വാമഭാഗമെങ്കിലും ഓടിച്ചു നോക്കാതിരിക്കില്ല..എന്റെ വീരകൃത്യങ്ങള്‍...

സമര്‍പ്പണം: നളനു തുല്യം പാചകവൈഭവവും, "ഇന്‍സമാം ഉള്‍ഹക്കിന്റെ" ശരീരഘടനയുമുള്ള എന്റെ പ്രിയചങ്ങാതി, ബിനോയിക്ക്‌..