Thursday, May 10, 2007

പാലപ്പവും, ഗ്രീന്‍പീസ്‌ കറിയും

ഹാവൂ...തിരക്കുകള്‍ ഇത്തിരി കുറഞ്ഞു. ദോശാര്‍മ്മാദത്തിന്റെ ത്രില്ലും തീര്‍ന്നു...(ഒന്നര ആഴ്ചകളായി എത്ര എത്ര ദോശകള്‍ ഉണ്ടാക്കിക്കഴിച്ചു, ഫോട്ടൊകള്‍ എടുത്തു...)



എന്തെങ്കിലും കഴിച്ചിട്ട്‌ എവിടെയെങ്കിലും ഒന്ന് കിടന്നാല്‍ മതി എന്ന അവസ്ഥയിലാണ്‌ ഇപ്പോള്‍ മിക്കവാറും വരുന്നത്‌..എങ്കിലും....

"എന്ത്‌ വേണോടാ കഴിക്കാന്‍.."
എന്ന് ആരെങ്കിലും എന്നോട്‌ ചോദിച്ചാല്‍ അന്നുമിന്നും എനിക്ക്‌ ഒരുത്തരമേയുള്ളൂ...
"അപ്പോം മൊട്ടക്കറീം".( പല്ലു തേച്ചില്ലേല്‍ പുട്ടും കടലയും..കട: സലിംകുമാര്‍)

എല്ലാത്തരം നോണ്‍ വെജ്‌ ശാപ്പാടും കുറച്ചു നാളത്തേക്ക്‌ നിറുത്തി വച്ചിരിക്കുന്നതിനാല്‍ മുട്ടക്കറിക്ക്‌ നിര്‍വ്വാഹമില്ല. അപ്പം ഉണ്ടാക്കാം..എന്തെങ്കിലും കറിയും..
അപ്പം
======
ഈ വക സാധനങ്ങളുടെ ഒരു കുഴപ്പം ഇതാണ്‌..
"അപ്പോള്‍ കൊതിച്ചിട്ട്‌ ഉണ്ടാക്കാന്‍ പറ്റില്ല. ഒരുക്കങ്ങള്‍ തലേന്നേ തുടങ്ങണം". ആദ്യം അപ്പത്തിന്‌ കുഴച്ചു വക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
===================

1.പാലപ്പപ്പൊടി - 1 കപ്പ്‌
2.തേങ്ങാപ്പാല്‍ - 1/2 കപ്പ്‌
3.റവ(അല്ലെങ്കില്‍ അരിപ്പൊടി)-2 ടീസ്പൂണ്‍
4.പഞ്ചസാര - 5 ടീസ്പൂണ്‍
5.ഉപ്പ്‌ - ആവശ്യത്തിന്‌.
ഉണ്ടാക്കുന്ന വിധം
============
പാലപ്പപ്പൊടിയുടെ പാക്കറ്റില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്‌.
("തെണ്ടിത്തിന്നാന്‍ നീ പറഞ്ഞിട്ട്‌ വേണോ.." എന്ന് ചോദിക്കല്ലേ..). എന്നാലും ഞാനും പറഞ്ഞേക്കാം..
ആദ്യമായി റവ(വറുക്കാത്തത്‌, പാലപ്പപ്പൊടിയുടെ കൂടെ തന്നിട്ടുണ്ടാകും) അല്ലെങ്കില്‍ അരിപ്പ്പൊടി, 2 ടീസ്പൂണ്‍ എടുത്ത്‌ 1/2 കപ്പ്‌ വെള്ളത്തില്‍ കലക്കി അടുപ്പത്ത്‌ വച്ച്‌ നന്നായി കുറുക്കുക. അധികം തീ വേണ്ട.അതവിടെ ഇരുന്ന് കുറുകിക്കോട്ടെ..ഇടയ്ക്‌ ഇളക്കിക്കൊടുക്കാന്‍ മറക്കേണ്ട..
അപ്പപ്പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കുഴക്കുക.(യീസ്റ്റ്‌ ചേട്ടനതാണിഷ്ടം...ഗള്ളന്‍).കഴിവതും വെള്ളം കുറച്ച്‌ ഉപയോഗിക്കണം.(അരിയടയ്ക്കു കുഴക്കുന്നതിലും ഇത്തിരി കുറച്ച്‌ അയവു മതി..കട്ടയില്ലാതെ വേണേ).ഇതിലേക്ക്‌ ചെറുചൂടുള്ള കുറുക്ക്‌ ചേര്‍ക്കുക. 1/2 കപ്പ്‌ തേങ്ങാപ്പാലും(മെനക്കെടാന്‍ വയ്യ.അതു കൊണ്ട്‌ ഇന്‍സ്റ്റന്റ്‌ വാങ്ങി..),5 ടീസ്പൂണ്‍ പഞ്ചസാരയും, ഒരു നുള്ള്‌ ഉപ്പും ചേര്‍ത്ത്‌ നന്നായി ഇളക്കി, മൂടി വക്കുക.
കുറഞ്ഞത്‌ ഒരു 5 മണിക്കൂറേലും വേണം ഇത്‌ ആവശ്യത്തിന്‌ പുളിച്ചു കിട്ടുവാന്‍( പാക്കറ്റില്‍ 2 മണിക്കൂര്‍ എന്നെഴുതിയിരിക്കുന്നതെന്താണാവോ..പറ്റിക്കാനാവും..).
രാവിലെ അപ്പച്ചട്ടിയില്‍ കോരി ഒഴിച്ച്‌ ചുടുക...(എന്ത്‌ അതറിയില്ലെന്നോ..ചുമ്മ ഒരു തവി മാവ്‌ കോരി ഒഴിച്ചിട്ട്‌, അപ്പ ചട്ടി ചുറ്റിച്ച്‌ വൃത്താകൃതിയില്‍ ആക്കുക. വേറേ ഷെയിപ്പ്‌ ശ്രമിച്ചിട്ടില്ല.)
രുചികരമായ പാലപ്പം തയ്യാര്‍.
ഇനി ചുമ്മാ തേങ്ങാപ്പാലും(അല്ലേല്‍ പശുവിന്‍ പാല്‍) പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കാം. അല്ലേല്‍ പിന്നെ നിങ്ങളുടെ ഇഷ്ടത്തിന്‌ ഏതു കറിയും..
നമ്മുടെ ദോശക്കു കൂട്ടുന്ന ചമ്മന്തിയും നല്ല കോമ്പിനേഷനാണു കേട്ടൊ..ഇത്തിരി കൂടീ എരിവു വേണം എന്ന് മാത്രം.
ഞാന്‍ എന്താണേലും അര്‍മ്മാദിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു...അതു കൊണ്ട്‌ ഗ്രീന്‍പീസ്‌ കറി ഉണ്ടാക്കാന്‍ പോവുകയാ..
പൊടിക്കൈ: ഒരു തവി മാവ്‌ ഒരു പാത്രത്തില്‍ എടുത്ത്‌ സൂക്ഷിച്ച്‌ വക്കുക. അടുത്ത തവണ മുതല്‍ അപ്പത്തിന്‌ വെറും അരിപ്പൊടി ഉപയോഗിച്ചാല്‍ മതിയാവും..ഈ പുളിമാവ്‌ ഒരു സ്പൂണ്‍ ചേര്‍ത്താല്‍ മതി..കള്ളിനേക്കാളും, യീസ്റ്റിനേക്കാളും സൂപ്പര്‍.!!!
ഗ്രീന്‍പീസ്‌ കറി
==============
തലേന്നേ ഇത്തിരി ഗ്രീന്‍പീസ്‌ എടുത്ത്‌ വെള്ളത്തില്‍ ഇട്ട്‌ വച്ചാല്‍ നന്നായിരിക്കും..
ആവശ്യമുള്ള സാധനങ്ങള്‍
=========================
ഗ്രീന്‍പീസ്‌ - 1/4 കപ്പ്‌
തക്കാളി - 1
സവാള - 1
പച്ചമുളക്‌ - 2
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്‌
കടുക്‌ - 1 ടീസ്പൂണ്‍
എണ്ണ - 2 ടീസ്പൂണ്‍
ഉപ്പ്‌,വെള്ളം - ആവശ്യത്തിന്‌
ഉണ്ടാക്കുന്ന വിധം
=============
ഗ്രീന്‍പീസ്‌ 1/2 കപ്പ്‌ വെള്ളവുമൊഴിച്ച്‌ കുക്കറില്‍ വച്ച്‌ 10 മിനുട്ട്‌ വേവിക്കുക. ആവി വന്ന് തുടങ്ങിയാല്‍ തീ കുറച്ച്‌ വയ്ക്കണം. എത്ര വേണേല്‍ വിസില്‍ അടിച്ചോട്ടേ..(നിങ്ങളും രണ്ട്‌ വിസില്‍ അടിച്ചോ..)
ഈ സമയം ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച്‌ എണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടിക്കുക(എന്നിട്ട്‌ കറിവേപ്പില ഉണ്ടേല്‍ കുറച്ച്‌ ഇട്ടോളൂ). സാവാള നീളത്തില്‍ അരിഞ്ഞതും,പച്ചമുളകും ഇട്ട്‌ നന്നയി വഴറ്റുക...സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ തക്കാളി അരിഞ്ഞതും ചേര്‍ത്ത്‌ വഴറ്റുക..എണ്ണ തെളിഞ്ഞു കഴിയുമ്പോള്‍ മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ നന്നായി മൂപ്പിക്കുക. ഇതിലേക്ക്‌ വെന്തിരിക്കുന്ന ഗ്രീന്‍പീസ്‌ ചേര്‍ക്കുക. വേണമെങ്കില്‍ ഇത്തിരി വെള്ളവും..ഒന്ന് തിളച്ചു കഴിയുമ്പോള്‍ കറി തയ്യാര്‍!!
നോട്ട്‌: ബൂലോകത്തില്‍ ആഘോഷങ്ങള്‍ നടക്കുകയാണല്ലോ.. പിന്മൊഴി ഇല്ലാതെയും ആഘോഷിക്കാമെന്ന് ഗുരുജി കാണിച്ചു തരികയും ചെയ്തു.
"നിങ്ങളില്ലാതെ എനിക്കെന്ത്‌ ആഘോഷം..".....
"നടേശാ..കൊല്ലേണ്ടാ.."(കട: രാവണപ്രഭു..)